കോട്ടയം: ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചെലവിൽ താമസിക്കാൻ കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ് ആരംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയാണ് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപറേഷന്റേത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലെല്ലാം കെടിഡിസിയുടെ ആകർഷകമായ ഹോട്ടൽ ശൃംഖലയുണ്ട്. മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുകയാണ് പാക്കേജിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യംവയ്ക്കുന്നത്.
സെപ്റ്റംബർ 30 വരെയാണ് മണ്‍സൂണ്‍ പാക്കേജ് നടപ്പിലാക്കുന്നത്. കെടിഡിസിയുടെ പ്രീമിയം ഡെസ്റ്റിനേഷൻ റിസോർട്ടുകളായ കുമരകത്തെ വാട്ടർ സ്കേപ്സ്, തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ, തേക്കടിയിലെ ആരണ്യനിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോൾഗാട്ടി പാലസ് എന്നിവിടങ്ങളിലും ബജറ്റ് ഡെസ്റ്റിനേഷൻ റിസോർട്ടുകളായ തണ്ണീർമുക്കത്തെ സുവാസം, കുമരകം ഗേറ്റ് വേ റിസോർട്ട്, തേക്കടിയിലെ പെരിയാർ ഹൗസ്, പൊൻമുടിയിലെ ഗോൾഡൻ പീക്ക്, മലന്പുഴയിലെ ഗാർഡൻ ഹൗസ് എന്നിവിടങ്ങളും നിലന്പൂരിലെയും മണ്ണാർക്കാട്ടെയും ടാമറിന്റ് ഈസി ഹോട്ടലുകളിലും മണ്‍സൂണ്‍ പാക്കേജിന്റെ ഭാഗമായി കുറഞ്ഞ ചെലവിൽ താമസിക്കാൻ സാധിക്കും. ഓണക്കാലത്ത് മണ്‍സൂണ്‍ പാക്കേജുകൾ ഉണ്ടാകില്ല. 0471 -2316736, 2725213, 9400008585.