വിഴിഞ്ഞം: നീണ്ട 36 വർഷത്തിന് ശേഷം കടലിലെ ജീവൻ രക്ഷകരായ ലൈഫ് ഗാർഡുമാരുടെ വേഷം മാറി. ഇനി മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അന്തർദേശീയ നിലവാരത്തിലുള്ള വേഷത്തിൽ ഇവർക്ക്പണിയെടുക്കാം. ലൈഫ് ഗാർഡുകൾ എന്നെഴുതിയ മഞ്ഞ ബനിയനും ചുവന്ന തൊപ്പിയും ചുവന്ന പാന്റുമാണ് പുതിയ വേഷം.കൂടാതെ ഒരു ടവലും സ്വിമ്മിംഗ് സ്യൂട്ടും ഇതോടൊപ്പമുണ്ട്. ജീവൻ രക്ഷാ സംവിധാനം കോവളത്ത് ചരിത്രത്തിൽ ആദ്യമായി നിലവിൽ വന്നതുമുതൽ ഇളം നീല നിറത്തിലുള്ള ഷർട്ടും നിക്കറുമായിരുന്നു വേഷം.
ഒടുവിൽ ഗാർഡുമാർ കേരളത്തിലുടനീളം വ്യാപകമായെങ്കിലും വേഷത്തിന് മാത്രംമാറ്റമുണ്ടായില്ല.രക്ഷാപ്രവർത്തനത്തിന് ഇറങ്ങുമ്പോൾ യൂണിഫോമിൽ നിറയുന്ന കടൽവെള്ളവും മണലും ദൗത്യത്തെയും ഏറെ ബാധിച്ചിരുന്നു. ഇതൊഴിവാക്കി പുതിയ യൂണിഫോം നടപ്പാക്കണമെന്ന ഗാർഡുമാരുടെ നിരന്തര ആവശ്യമാണ് ഇപ്പോൾ നടപ്പായത്. കഴിഞ്ഞ മൂന്ന് വർഷമായി യൂണിഫോമിനുള്ള തുണി പോലും നൽകാതെയുള്ള അവഗണനക്കെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഏത് കാലാവസ്ഥയിലും സഞ്ചാരികളുടെ കണ്ണിൽപ്പെടുന്ന തരത്തിലുള്ള വസ്ത്രമാണിതെന്നും അധികൃതർ പറയുന്നു.