കൊല്ലം ജില്ലയില്‍ അധികം അറിയപെടാതെ കിടക്കുന്ന മികച്ച ടൂറിസം സാധ്യതയുള്ള സ്ഥലമാണ് കൊട്ടാരക്കരയിലെ മീന്‍ പിടിപ്പാറ. സെന്റ് ഗ്രീഗോറിയോസ് കോളേജിന് സമീപമാണ് ഈ വിനോദ സഞ്ചാരകേന്ദ്രം. കിഴക്കെതെരുവ് അറപ്പുരഭാഗം, ഐപ്പള്ളൂര്‍ എന്നീ പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന നീരുറവകള്‍ മീന്‍ പിടിപ്പാറയില്‍ എത്തുന്നതോടെ ജലപ്രവാഹമായി മാറുന്നു. കിലോമീറ്ററോളം ദൂരം പാറക്കെട്ടുകല്‍ക്കിടയിലൂടെയും ഔഷധ ചെടികള്‍ക്കിടയിലൂടെയും ഒഴുകി മീന്‍ പിടിപ്പാറയില്‍ എത്തുന്ന ജലം ഔഷധ ഗുണമുള്ളതായി കരുതുന്നു. കുട്ടികള്‍ക്ക് ഇവിടെ നീന്താനും വെള്ളത്തിലൂടെ മണിക്കൂറുകള്‍ തെന്നി നീങ്ങാനുമുള്ള സൗകര്യമുണ്ട്.
പാറക്കൂട്ടങ്ങള്‍ പിന്നിട്ടു മുകളിലെത്തുമ്പോള്‍ മൈലാടും പാറയാണ്. ഇവിടെ എത്തിയാല്‍ നല്ല കാറ്റാണ്. കടപ്പുറത്ത് നില്‍ക്കുന്ന പ്രതീതി. ക്ഷീണമെല്ലാം അതോടെ അകലും. പാറക്കൂട്ടങ്ങള്‍ക്കു വിവിധ മരങ്ങള്‍ സമൃദ്ധമായി വളരുന്നു. ഭൂമിയും ആകാശവും തൊട്ടുതൊട്ടു നില്‍ക്കുന്ന സ്ഥലമാണ് മൈലാടും പാറ. മീന്‍ പിടിപ്പുപാറ തടാകത്തില്‍ നിന്നും കാട്ടുമരങ്ങളും റബ്ബര്‍ മരങ്ങളും ഇടതൂര്‍ന്നു വളരുന്ന കുത്തനെയുള്ള കയറ്റം 100 മീറ്ററോളം പിന്നിട്ടാല്‍ മൈലാടുംപ്പാറയില്‍എത്താം. പാറമുകളില്‍ നിന്നാല്‍ കൊട്ടാരക്കര പട്ടണവും സമീപ പ്രദേശങ്ങളും നന്നായി കാണാം.
മീന്‍ പിടിപ്പാറയിലെ ജൈവ സമ്പത്തിനെ കുറിച്ച് പലരും ഗവേഷണം നടത്തിയിട്ടുണ്ട്. പല തരത്തിലുള്ള പക്ഷികളുടെയും സസ്യങ്ങളുടെയും സങ്കേതം തന്നെയാണ് മീന്‍ പിടിപ്പാറ. ഈ പാറകളെ ബന്ധിപ്പിച്ചു സാഹസിക ടൂറിസം, ഇക്കോ ടൂറിസം തുടങ്ങിയ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ വിനോദസഞ്ചാരികള്‍ ഇങ്ങോട്ടേക്ക് ഒഴുകും. കൊട്ടാരക്കര പട്ടണത്തിന്റെ സമീപത്തുള്ള കേന്ദ്രമായതിനാല്‍ വളര്‍ച്ച അതിവേഗത്തിലായിരിക്കും. മീന്‍ പിടിപ്പാറയുടെ ടൂറിസം സാധ്യതകള്‍ വിനിയോഗിക്കാനും അവിടെ വിനോദസഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഡിടിപിസി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.