കോട്ടയം: വിനോദ സഞ്ചാരമേഖലയിലേക്ക് പുത്തൻ ചുവടുവയ്പുമായി നീണ്ടൂർ. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയിൽ ഇനി നീണ്ടൂരും.
ചരിത്രവും പൗരാണികതയും പ്രകൃതി സൗന്ദര്യവും ഉൾക്കൊള്ളുന്ന നീണ്ടൂരിന്റെ ഗ്രാമഭംഗി ഇനി വിദേശികൾക്കും സ്വദേശികൾക്കും ഒരേപോലെ കൂടുതൽ സൗകര്യ പ്രദമായ രീതിയിൽ ആസ്വദിക്കാം.
ജനപങ്കാളിത്തത്തോടെ നീണ്ടൂർ പഞ്ചായത്തിലെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുകയും പ്രാദേശിക കലയും സംസ്കാരവും തൊഴിലും നാടിന്റെ പ്രകൃതി ഭംഗിയും ടൂറിസം ഉത്പന്നങ്ങളാക്കി മാറ്റി ലോക ശ്രദ്ധയാകർഷിക്കുന്ന രീതിയിലിക്കുകയാണ് മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ടൂറിസം ഗ്രാമസഭ ചേരും. ടൂറിസം റിസോർസ് മാപ്പിംഗ് 60 ശതമാനം പൂർത്തിയായി. പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പെടുത്തി റിസോർസ് ഡയറക്ടറി പ്രസിദ്ധീകരിക്കും. ടൂറിസം മാർക്കറ്റിംഗ്, ഫാം ട്രിപ്പുകൾ, തൊഴിൽ പരിശീലനം, ഫോട്ടോ സെഷൻ എന്നിവയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.
നീണ്ടൂരിലും പരസിരപ്രദേശത്തും ടൂറിസം മേഖലയിൽ നടക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കാൻ ജനങ്ങൾക്കും പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പങ്കാളിത്തം നൽകുന്ന ആസൂത്രണ പ്രക്രിയയാണ് ടൂറിസം ഗ്രാമസഭ. കാർഷിക ടൂറിസം മേഖലയായ നീണ്ടൂരിനെ അഗ്രി ടൂറിസം ഹബ് ആക്കി മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു.