തലശേരി: പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി തലശേരിയിലെ പ്രധാന പൈതൃക കേന്ദ്രങ്ങളിലൂടെ വനിതകൾ രാത്രി സൗഹൃദ നടത്തം സംഘടിപ്പിച്ചു. സ്ത്രീ സുരക്ഷ മുൻനിർത്തി നടത്തിയ യാത്രയ്ക്ക് സബ്കളക്ടർ അനുകുമാരി നേതൃത്വം നൽകി. തലശേരി ഓവർബറീസ് ഫോളിയിൽ നടന്ന ചടങ്ങിൽ നടൻ ടൊവിനോ തോമസ് ഫ്ളാഗ് ഓഫ് ചെയ്തു.
കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ കണ്ടുവന്ന രാത്രിനടത്തം തലശേരിയിലും നടത്തുന്നതിൽ സന്തോഷമുണ്ടെന്ന് യാത്രയുടെ തുടക്കത്തിൽ പങ്കാളിയായ സിനിമാ നടി റീമ കല്ലിങ്കൽ പറഞ്ഞു. രാത്രിനടത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിനിമാതാരം ടൊവിനോ തോമസ് പറഞ്ഞു. രാത്രി നടത്തത്തിലൂടെ തലശേരിയിലെ പൈതൃക കേന്ദ്രങ്ങൾ കൂടുതൽ അറിയട്ടെയെന്ന് ജില്ലാ കളക്ടർ എസ്.ചന്ദ്രശേഖർ പറഞ്ഞു.
ഓവർബറീസ് ഫോളിയിൽനിന്ന് തുടങ്ങിയ രാത്രിനടത്തം സ്റ്റേഡിയം, സബ്കളക്ടർ ബംഗ്ലാവ്, കോട്ട, പഴയ ബസ്സ്റ്റാൻഡ് പിയർറോഡ് വഴി കടൽപ്പാലത്തിൽ സമാപിച്ചു. എ.എൻ.ഷംസീർ എംഎൽഎ, സംവിധായകൻ ആഷിക് അബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ, നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനറാണി, സബ് കളക്ടർ അനുകുമാരി, എഎസ്പി വിഷ്ണു പ്രദീപ് എന്നിവർ പങ്കെടുത്തു. തായലങ്ങാടിയിൽ സമാപന ചടങ്ങിൽ ആൽമരം ബാൻഡ് സംഗീതപരിപാടി അവതരിപ്പിച്ചു.