തൃശൂർ: അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ പൂമല ഡാം ഈ അവധിക്കാലത്തും അധികാരികളുടെ കനിവുകാത്തിരിക്കുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മധ്യവേനലവധി ആഘോഷിക്കാൻ നിരവധി വിനോദസഞ്ചാരികളാണു പൂമലയിലേക്ക് എത്തുന്നത്. എന്നാൽ, ഇവിടെയുള്ള കുട്ടികളുടെ പാർക്കും ഇരിപ്പിടങ്ങളും ഒട്ടും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. കാലൊടിഞ്ഞ ഇരിപ്പിടങ്ങളാണ് ഏറെയും. ഇരുന്നാൽ വീഴും, വസ്ത്രങ്ങളും അഴുക്കാകുമെന്നുറപ്പ്. ഡാം മാത്രം കണ്ടു മടങ്ങാമെന്നുണ്ടെങ്കിൽ മാത്രം പൂമലയിലേക്കു പോയാൽ മതിയെന്നാണ് ഇവിടെയെത്തിയ സഞ്ചാരികൾ പറയുന്നത്.
ഡാം പരിസരം ടൈൽ വിരിച്ച് ഭംഗിയാക്കിയിട്ടുണ്ട്. കുതിര സവാരിയും ബോട്ടിംഗും നിർത്തലാക്കി. ഇതുണ്ടെന്നു കരുതി കുട്ടികളടക്കം നിരവധിപേരെത്തുന്നുണ്ട്. അതിനാൽ ബന്ധപ്പെട്ട ആളുകളോടു സഞ്ചാരികൾ തട്ടിക്കയറുന്നതും പതിവായിട്ടുണ്ട്. സൈക്കിളിംഗ് നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കണമെന്ന സഞ്ചാരികളുടെ ആവശ്യത്തിനും അധികാരികൾ മുഖം തിരിച്ചു നിൽക്കുകയാണ്.
പൂമലയ്ക്കടുത്തുള്ള ചെപ്പാറ, വാഴാനി, പത്താഴക്കുണ്ട് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒരുമിപ്പിച്ച് നല്ല രീതിയിൽ ഒരു ടൂറിസം സർക്യൂട്ട് ഈ മേഖലയിൽ സാധ്യമാക്കാനുള്ള അവസരമാണ് അധികാരികളുടെ മടിയും നിസഹകരണവും മൂലം ഇല്ലാതാകുന്നത്. പ്രാദേശിക ടൂറിസം മേഖലയുടെ വികസനത്തിനുവേണ്ടി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നാടു നീളെ നടന്നു പദ്ധതികൾ ആസൂത്രണം ചെയ്യുന്പോഴാണു ടൂറിസം വികസനം പൂമല കയറാൻ മടിച്ചു നിൽക്കുന്നത്.