മറയൂർ: വീണ്ടും വിനോദ സഞ്ചാര മേഖലയിൽ തിരക്കേറി. ഇരവികുളം ദേശീയോദ്യാനം, ലക്കം വെള്ളച്ചാട്ടം തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന മറയൂർ-മൂന്നാർ മേഖലയിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചു. വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് മറയൂർ-മൂന്നാർ റോഡിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടാത്തതിനാൽ മറയൂർ രൂക്ഷമായ ഗതാഗത കുരുക്കിലകപ്പെടുകയാണ്. വിനോദ സഞ്ചാരികളുടെ വർധനവനുസരിച്ച് ഉദ്യാനത്തിന്റെ പരിധിക്കുള്ളിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം.
മറയൂർ-മൂന്നാർ റോഡിലൂടെ മറയൂർ-കാന്തല്ലൂർ മേഖലകളിലേക്കെത്തുന്ന വിനോദ സഞ്ചാരികളും ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ്. റോഡിലെ ഗതാഗത കുരുക്കിൽപ്പെട്ട് അത്യാഹിതമുണ്ടായവരെ ആശുപത്രികളിൽ എത്തിക്കാനാകാതെ ജീവൻ നഷ്ടപെട്ട സംഭവങ്ങളുമുണ്ടാകുന്നുണ്ട്. 2005 വരെ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പ്രധാന റോഡിന്റെ അരികിൽ പാർക്ക് ചെയ്യാതെ രാജമല വരെ എത്താൻ അനുവാദമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതിൽ മാറ്റം വരുത്തിയതോടെയാണ് ഇവിടേക്കെത്തുന്ന വാഹനങ്ങളുടെ തിരക്കിൽപ്പെട്ട് അടിയന്തര ചികിത്സ്ക്കായി രോഗികളുമായി പോകുന്ന ആംബുലൻസിനുപോലും കടന്നുപോകാൻ സാധിക്കാൻ കഴിയാത്ത അവസ്ഥയായത്.
ഒരു ബസും ചെറുവാഹനവും മാത്രം കടന്നുപോകാൻ വീതിയുള്ള റോഡിലെ പാർക്കിംഗാണ് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരക്കിനു കാരണമാകുന്നത്. മറയൂർ-കാന്തല്ലൂർ നിവാസികൾക്ക് മൂന്നാർ ഭാഗത്തേക്ക് പോകണമെങ്കിൽ ഏക ആശ്രയം ഈ പാതയാണ്. മുൻവർഷങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായതോടെ വനംവകുപ്പ് ഈ ഭാഗത്ത് പ്രത്യേക ഫീസ് ഏർപ്പെടുത്തി പാർക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു. പിന്നീട് സഞ്ചാരികളുടെയും ടാക്സി ഡ്രൈവർമാരുടെയും എതിർപ്പിനെത്തുടർന്ന് പാർക്കിംഗ് ഫീസ് ഒഴിവാക്കി. പൊതു അവധി ദിവസങ്ങളിൽ ഇവിടെ ഒരേ സമയത്ത് ഒട്ടേറെ വാഹനങ്ങളാണ് എത്തുന്നത്. നിലവിലുള്ള വനംവകുപ്പിന്റെ പാർക്കിംഗ് ഏരിയയിൽ ഇവിടെയെത്തുന്ന വാഹനങ്ങളുടെ എണ്ണത്തിന്റെ പത്ത് ശതമാനം പോലും ഉൾക്കൊള്ളാനാവില്ല.