കൽപറ്റ: ഗോത്ര കുടിലുകളിലേക്ക് ഒരു യാത്ര പോയാലോ? ഒപ്പം അവിടത്തെ സ്പെഷ്യൽ ഭക്ഷണവും രുചിച്ച് പരമ്പരാഗത കലാരൂപങ്ങൾ ആസ്വദിച്ച് ആദിവാസി ഉൽപ്പന്നങ്ങളും വാങ്ങി മടങ്ങാം. ‘എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമ’മാണ് ആദിവാസി സംസ്കൃതിയുടെ ഈ നേർക്കാഴ്ചകൾ ഒരുക്കുന്നത്. മാനന്തവാടി ടീ പ്ലാന്റേഷൻ കോർപറേഷന്റെ (പ്രിയദർശിനി) കീഴിൽ പൂക്കോടുള്ള 25 ഏക്കർ സ്‌ഥലത്താണ് ഗോത്ര പൈതൃക ഗ്രാമം. എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി നിയന്ത്രിക്കുന്ന പദ്ധതി പൂർണമായും ഗോത്രവിഭാഗക്കാരാണ് നിയന്ത്രിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയാണിത്.
ഗോത്ര ഭക്ഷണശാല, ട്രൈബൽ മാർക്കറ്റ്, ഗോത്ര കുടിലുകൾ, ആർട്ട് മ്യൂസിയം, ആംഫി തിയറ്റർ, കലാകേന്ദ്രങ്ങൾ, ആദിവാസി കരകൗശല ഉൽപന്നങ്ങൾ, വന ഉൽപന്നങ്ങൾ, മുള കൊണ്ടും കളിമണ്ണ് കൊണ്ടും നിർമിച്ച കരകൗശല വസ്‌തുക്കൾ, പച്ച മരുന്നുകൾ, ആദിവാസി പരമ്പരാഗത ആയുധങ്ങൾ, സംഗീതോപകരണങ്ങൾ, കുട്ടികൾക്കായുള്ള പ്രകൃതിദത്തമായ പാരമ്പര്യ കളിസങ്കേതങ്ങൾ തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങിയിട്ടുള്ളത്. ആദിവാസി ഉൽപന്നങ്ങൾക്കുള്ള സ്ഥിരം വിപണിയും കലാകാരന്മാർക്കുള്ള പ്രത്യേക വേദിയുമാണ് ഗ്രാമം ഒരുക്കുന്നത്.
രണ്ട് പ്രീമിയം കഫ്റ്റീരിയകളും ഇവിടെയുണ്ട്. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങൾക്കൊപ്പം ഇവിടെ ലഭ്യമാകും. ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക് വേ, ഗോത്ര ജീവിത ചാരുതകളും ചരിത്രങ്ങളും നാൾ വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം, ഗോത്ര കലാകാരന്മാർക്ക് കലകൾ ആവിഷ്‌ക്കരിക്കുന്നതിന് കരകൗശല ഉൽപന്നങ്ങളും പരമ്പരാഗത ഉൽപന്നങ്ങളും നിർമിക്കുന്നതിന് ആവശ്യമായ പണിശാല തുടങ്ങിയവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.