ചങ്ങനാശേരി: എറണാകുളത്തുനിന്നും വേളാങ്കണ്ണിയിലേക്ക് പുതിയ ട്രെയിൻ ആരംഭിക്കാനുള്ള നീക്കവുമായി റെയിൽവേ. കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാതയിൽ കൊല്ലം മുതൽ നാഗൂർ വരെയുണ്ടായിരുന്ന സർവീസാണ് സ്പെഷൽ ട്രെയിനായി പുനരാരംഭിക്കുന്നത്. കൊല്ലത്തുനിന്നു നാഗൂറിനു പകരം എറണാകുളത്തുനിന്നു കോട്ടയം, കൊല്ലം, ചെങ്കോട്ട വഴി വേളാങ്കണ്ണിക്ക് സ്പെഷൽ ട്രെയിനായാണ് സർവീസ് ആരംഭിക്കുന്നത്. ഇതു സംബന്ധിച്ചു റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
നാഗൂർ-വേളാങ്കണ്ണി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കു പോകാനായി കൊല്ലം- ചെങ്കോട്ട മീറ്റർഗേജ് പാതയിൽ കൊല്ലം മുതൽ നാഗൂർ വരെയുണ്ടായിരുന്ന ട്രെയിൻ സർവീസാണ് യാത്രക്കാർ ആശ്രയിച്ചിരുന്നത്. കൊല്ലം മുതൽ ചെങ്കോട്ട വരെയുള്ള ബ്രോഡ്ഗേജ് പണികൾ ആരംഭിച്ചതുമൂലം ഈ ട്രെയിൻ പിൻവലിച്ചിരുന്നു.
വളരെയധികം തീർഥാടകർ ഉപയോഗിച്ചിരുന്ന ഈ ട്രെയിൻ പുനരാരംഭിക്കണമെന്നുള്ള നിരന്തര ആവശ്യത്തെ തുടർന്നാണ് നടപടി. നാഗൂർ മുതൽ വേളാങ്കണ്ണി വരെയുള്ള സെക്ഷന്റെ നിർമാണജോലികൾ നടക്കുന്നതിനാലാണ് ട്രെയിൻ തത്കാലം നാഗൂർ വരെ ഓടുന്നത്. സെക്ഷന്റെ നിർമാണപ്രവർത്തനം പൂർത്തിയായാൽ വേളാങ്കണ്ണിവരെ സർവീസ് നടത്തും. എറണാകുളത്തുനിന്ന് ഈ മാസം അവസാന വാരം വേളാങ്കണ്ണി ട്രെയിൻ ആരംഭിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. അതിനു മുന്പ് ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള പാതയുടെ ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാക്കും.