വരന്‍ മൂന്നാം വയസില്‍ മരിച്ച രമേശനും വധു രണ്ടാം വയസില്‍ മരിച്ച സുകന്യയും. പരലോകത്ത് ഇരുവരും ദാമ്പത്യത്തില്‍ പ്രവേശിച്ചു എന്ന സന്തോഷത്തോടെ കുടുംബാംഗങ്ങളും നാട്ടുകാരും വിവാഹശേഷം പിരിഞ്ഞുപോയി. കേട്ടാല്‍ ഞെട്ടുന്ന സംഭവമാണ് കാസര്‍ഗോഡ് അതിര്‍ത്തി ഗ്രാമമായ പെര്‍ളയില്‍ നടക്കുന്നത്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാമീപ്യത്തില്‍ കൊട്ടും കുരവയും സദ്യയുമൊക്കെയായി ആര്‍ഭാടപൂര്‍വം നടത്തുന്നത് ‘പ്രേത കല്യാണം’. മരണപ്പെട്ടവരുടെ വിവാഹമാണെങ്കില്‍ പോലും നാട്ടിലെ നിയമം തെറ്റിക്കാതെയാണ് ഇവരുടെ വിവാഹം നടത്തിയത്. ആത്മാക്കള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷമായിരുന്നു വിവാഹം.
കര്‍ണ്ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളിലാണ് ദോഷം ഇല്ലാതാക്കാന്‍ വേണ്ടിയുള്ള ‘പ്രേത കല്യാണങ്ങള്‍’ നടത്തുന്നത്. ആദ്യം ആത്മാക്കളെ ഓരോ തേങ്ങയിലേക്ക് ആവാഹിച്ചാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. മരണപ്പെട്ട വധൂവരന്‍മാരുടെ രൂപമുണ്ടാക്കി അതിനു വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും അണിയിക്കും. പിന്നീട് പരസ്പരം മോതിരം കൈമാറി മാലയിട്ടാല്‍ വിവാഹം കഴിഞ്ഞു. ശേഷം ഗംഭീര സദ്യ. ഇനിയുള്ളത് വധുവിന്റെ ആത്മാവുമായി വരന്റെ കൂട്ടര്‍ മടങ്ങുന്ന ചടങ്ങാണ്. വരന്റെ വീട്ടില്‍ പാലച്ചോട്ടിലാണ് ദമ്പതികള്‍ക്കുള്ള സ്ഥാനം. അവിടെ കുടിയിരുത്തിയ ദമ്പതികള്‍ക്ക് ‘ആദ്യരാത്രി’ ചടങ്ങുകളും ഉണ്ട്. ശേഷം ഇരുവരുടെയും ആത്മാക്കളെ വെറുതെ വിടുന്നു.
ഇത്തരം വിവാഹങ്ങളില്‍ പെണ്ണു ചോദിക്കലും ജാതകപ്പൊരുത്തം നോക്കലുമെല്ലാം സാധാരണ വിവാഹങ്ങളുടേതുപോലെ തന്നെയാണ്. സാധാരണയായി കുടുംബത്തിലോ ഗ്രാമത്തിലോ എന്തെങ്കിലും ദോഷ സംഭവങ്ങളുണ്ടായാലാണ് പ്രതിവിധിയായി ജോത്സ്യന്‍ ‘പ്രേത കല്യാണം’ നിര്‍ദ്ദേശിക്കുക. കുടുംബത്തില്‍ വിവാഹം നടക്കാതെ മരിച്ചയാള്‍ക്ക് പെണ്ണു തേടലാണ് ആദ്യം ഘട്ടം. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല എന്നതാണ് രസകരമായ മറ്റൊരു കാര്യം. പരേതയായ പെണ്ണിനെ ഒത്തുകിട്ടിയാല്‍ പിന്നെ ജാതകങ്ങള്‍ തമ്മില്‍ ചേര്‍ച്ച നോക്കും. ജാതകം ഒത്താല്‍ വിവാഹ തീയതി കുറിച്ചു ക്ഷണം തുടങ്ങും. വിവാഹം നടത്തുക വധുവിന്റെ വീട്ടിലാണ്.