സാഹസിക പർവതാരോഹണത്തിന്റെ ഭാഗമായി സമുദ്രനിരപ്പിൽനിന്നും 5,760 മീറ്റർ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ. ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 ആണ് അതിസാഹസിക യാത്രയ്ക്കൊടുവിൽ കഴിഞ്ഞ 16ന് രാവിലെ 7.30ന് അദ്ദേഹം കീഴടക്കിയത്. ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗിൽനിന്നുള്ള അഡ്വാൻസ്ഡ് മൗണ്ടനിയറിംഗ് കോഴ്സിന്റെ ഭാഗമായാണ് അർജുൻ പാണ്ഡ്യന്റെ പര്യവേക്ഷണം.
28 ദിവസം വീതമുള്ള രണ്ടുഘട്ട പരിശീലനങ്ങൾ സാഹസിക പര്യവേക്ഷണത്തിനു മുന്നോടിയായി പൂർത്തിയാക്കി. ഒന്നാം ഘട്ടമായി കഴിഞ്ഞ വർഷം ഡാർജിലിംഗിലെ ഹിമാലയൻ മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 28 ദിവസത്തെ ബേസിക് മൗണ്ടനിയറിംഗ് കോഴ്സ് പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ട പരിശീലനം ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിംഗിൽനിന്നാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് 10 ദിവസത്തെ അവസാനഘട്ട പര്യവേഷണത്തിന് തെരഞ്ഞെടുക്കുക.
മസൂറിയിലെ ഐഎഎസ് ട്രെയിനിംഗ് കാലഘട്ടത്തിലാണ് പർവതാരോഹണത്തോട് അർജുൻ പാണ്ഡ്യന് ഭ്രമം തുടങ്ങിയത്. ഒറ്റപ്പാലത്ത് സബ് കളക്ടറായിരുപ്പോൾ പാലക്കാട് ജില്ലയിലെ വിവിധ മലകളിൽ ട്രക്കിംഗ് നടത്തിയിരുന്നു. ഹിമാലയം കീഴടക്കണമെന്ന മോഹം ഉദിച്ചതോടെ സർക്കാർ അനുമതിയോടെ അവധിയെടുത്ത് സ്വന്തം ചെലവിലാണ് പർവതാരോഹകരുടെ സ്വപ്നമായ ദ്രൗപദി കാ ദണ്ഡ 2 കൊടുമുടി കീഴടക്കിയത്. എവറസ്റ്റ് ഉൾപ്പെടെയുള്ള കൊടുമുടിയുടെ മുകളിലെത്തി ദേശീയ പതാക നാട്ടുകയെന്ന സ്വപ്നവുമായാണ് ഈ യുവ ഐഎഎസ് ഓഫീസറുടെ ജൈത്രയാത്ര. ഏറെനാളായുള്ള ആഗ്രഹമാണ് ഇപ്പോൾ യാഥാർഥ്യമായതെന്ന് അർജുൻ പാണ്ഡ്യൻ പറഞ്ഞു.