കൊച്ചി: വിജനസ്ഥലങ്ങളിൽ വൃക്ഷവിത്തുകൾ നട്ട് എറണാകുളം പറവൂരിൽനിന്ന് ലഡാക്കിലേക്ക് ദന്പതികളുടെ യാത്ര. ഗ്രീൻ ഇന്ത്യ എന്ന പേരിൽ പ്രകൃതിസംരക്ഷണ സന്ദേശവുമായി പറവൂർ പെരുവാരം സ്വദേശി കെ.എൻ. ഷൈനും ഭാര്യ മഞ്ജുഷയുമാണ് യാത്ര ആരംഭിച്ചത്. യാത്രകൾ ഒരുപാട് ഇഷ്ടമുള്ള ഇരുവരും പ്രകൃതിക്കായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽനിന്നാണ് ഇത്തരത്തിൽ ഒരു യാത്ര നടത്തുന്നത്.
കഴിഞ്ഞ മേയ് 30ന് പറവൂരിൽനിന്ന് കാറിൽ യാത്ര തുടങ്ങി. കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹൈദരാബാദ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങൾ പിന്നിട്ടു പഞ്ചാബ് വരെയെത്തി. ഇതുവരെ പിന്നിട്ടത് 3,600 കിലോമീറ്ററുകൾ. മാവ്, പ്ലാവ്, പുളി, ആഞ്ഞിലി തുടങ്ങിയ ഫലവൃക്ഷങ്ങളുടെ വിത്തുകളാണ് യാത്രയ്ക്കിടെ നടുന്നത്.
വിജനമായ സ്ഥലത്തെത്തുന്പോൾ കാർ നിർത്തി വിത്തുകൾ നടും. കൈയിൽ വളവും കരുതിയിട്ടുണ്ട്. വിത്തു നട്ടുനനച്ച് അതിനു ചുറ്റും കന്പിവല കെട്ടി സുരക്ഷയും ഉറപ്പാക്കും. ഓരോ പ്രദേശത്തെയും പ്രകൃതിസ്നേഹികൾ ഇവയുടെ ഭാവിസംരക്ഷണം ഏറ്റെടുക്കുന്നുമുണ്ട്. വാഹനങ്ങൾ പുറംതള്ളുന്ന പുകമൂലം പ്രകൃതിക്കുണ്ടായ ആഘാതം എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിൽനിന്നാണ് ഈ ആശയം ലഭിച്ചതെന്നു ഷൈൻ പറയുന്നു.
യാത്രയുടെ ഒരുക്കത്തോടൊപ്പം വിത്തുശേഖരണവും നടത്തി. സുഹൃത്തുക്കളും വിത്തുകൾ നൽകി. പ്രതിദിനം 500-600 കിലോമീറ്ററാണ് ശരാശരി യാത്ര. ഇരുവരും മാറിമാറി വണ്ടിയോടിക്കും.
രാത്രി സൗകര്യപ്രദമായ സ്ഥലത്തോ കാറിൽതന്നെയോ തങ്ങും. റിട്ട. ആർമി ഉദ്യോഗസ്ഥനാണ് ഷൈൻ. രാജ്യസ്നേഹം പോലെതന്നെ പ്രകൃതിസംരക്ഷണവും ഉത്തരവാദിത്വമായി കണ്ടിരുന്ന ഷൈന്റെ വീട്ടുവളപ്പ് മുഴുവൻ മരങ്ങളും ചെടികളുമാണ്.
ആർമിയിലെ സേവനശേഷം യൂണികോണ്‍ പവർ സൊല്യൂഷൻ എന്ന സ്ഥാപനം നടത്തുന്നു. മനക്കപ്പടി മാതാ കോളജിൽ ഒന്പതുവർഷം പ്രിൻസിപ്പലായി സേവനം ചെയ്ത മഞ്ജുഷയും യൂണികോണിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൂന്ന് പെണ്‍കുട്ടികളാണ് ഈ ദന്പതികൾക്ക്. മൂത്ത മകൾ ശ്രുതി ലണ്ടനിലും രണ്ടാമത്തെയാൾ മീനു എറണാകുളത്തും ആർക്കിടെക്ടാണ്. ഇളയ മകൾ സൂര്യ കാനഡയിൽ വിദ്യാർഥി.